Sunday, May 31, 2009

നവംബര്‍ 24, 1990

പ്രിയമുള്ളവളെ...

കഴിഞ്ഞ രണ്ടു ദിവസമായി ആതുരാലയത്തിന്റെ ചിറകുകള്‍ക്കുള്ളിലാണ് ...
ഫ്ലോറെന്‍സ് നൈറ്റിന്‍ഗേലിന്റെ പിന്തുടര്‍ച്ചക്കാരായ വെള്ളരിപ്രാവുകള്‍
സാന്ത്വനത്തിന്റെ വെണ്‍ചാമാരങ്ങള്‍ വീശുന്നു.....
പനിയുടെ ഏറ്റക്കുറച്ചിലുകളും
മരുന്നുകളുടെ ഗന്ധം പടര്‍ത്തുന്ന അസ്വസ്ഥതയും..
ഇത്തരം നിമിഷങ്ങളിലാണ്
ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങളും
ഏകാന്തതയുടെ വന്യമായ മൗനവും എന്നെ ഏറെ അലട്ടുന്നത് ...
ഒരു കുഞ്ഞു പുഞ്ചിരിപോലും എനിക്കിന്ന്
സാന്ത്വനത്തിന്റെ ഊഷ്മളമായ അഭയം നല്കുന്നു...
ഇനിയും അധികമില്ല...
നാളെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് കരുതുന്നു....

മിഴിപൊത്തിക്കരയുന്ന ഒരു നവംബര്‍ ......

നവംബറിന്റെ ആദ്യ നാളുകള്‍ ഒരിക്കല്‍ക്കൂടി
കലാപങ്ങളുടെയും കൂട്ടക്കുരുതികളുടെയും നാളുകളായി..
റോമന്‍ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ച
നീറോ ചക്രവര്‍ത്തിയുടെ കഥ നീ കേട്ടിട്ടേയുള്ളൂ .....
പക്ഷെ...
ആറ് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് മറ്റൊരു നവംബറിന്റെ
ആദ്യ നാളുകളില്‍ ഉത്തരേന്ത്യ കത്തിയെരിഞ്ഞപ്പോള്‍...
ആയിരക്കണക്കിന് ജീവനുകള്‍ പൊലിഞ്ഞുവീണപ്പോള്‍ ..
മതാനുഷ്ഠാനങ്ങളുടെ പ്രതീകങ്ങള്‍ കരിയുന്ന പുക
കുന്തിരിക്കമായി ആസ്വദിച്ചുകൊണ്ട്‌ പ്രതികാലഹരിയില്‍
സംഘനൃത്തം ചവിട്ടിയവര്‍.......
അവരുടെ കനലാട്ടങ്ങളില്‍
ശിഖസ്ത്രീത്വം പിച്ചിച്ചീന്തി എറിയപ്പെട്ടപ്പോള്‍ മുഖം തിരിച്ചവര്‍...
അവരുടെ പിന്മുറക്കാരിന്ന് തിളച്ചുമറിയുന്ന വര്‍ഗ്ഗീയ ലാവയില്‍
ഇന്ത്യയുടെ മതേതരത്വം മരിച്ചുവീഴുമ്പോള്‍
അവര്‍ നമ്മുടെ മേല്‍ക്കോയ്മ വിലപേശി കച്ചവടമുറപ്പിച്ചു...
അവരുടെ അധികാരത്തിന്റെ ചാട്ടവാറുകള്‍
നമുക്കുനേരെ പുളഞ്ഞുവരുന്നു......
കൂട്ടം തെറ്റി മേയാതെ ....
പോരിന്റെ കൊമ്പുയര്‍ത്താതെ ...
അനുസരണയുള്ള കുഞ്ഞാടുകളായി നീങ്ങാന്‍ !!!
മുന്‍പ്.. ആട്ടിന്‍തോലണിഞ്ഞ ഒരു ചെന്നായുടെ
കഥയേ നീ കേട്ടിട്ടുള്ളൂ...
പക്ഷെ ഇന്നു.. നമ്മുടെ ഇടയില്‍ ആട്ടിന്‍തോലണിഞ്ഞവരാണധികവും...
സഹോദരന്മാരുടെ രക്തം നുണയാനായി
അവരുടെ ദ്രുംഷ്ടകള്‍ നീണ്ടുവരുന്നു..
ശാന്തിമന്ത്രങ്ങള്‍ ഉരുവിടുന്ന ചുണ്ടുകളുടെ താളക്രമങ്ങള്‍ പിഴച്ച്
സ്വരങ്ങള്‍ അര്‍ത്ഥശൂന്യമാകുന്നു.....
ഇനി... ?
ചോദ്യചിഹ്നം വളര്‍ന്നുകൊണ്ടേയിരിക്കുന്നു...
ഇന്ത്യന്‍ ജനതയുടെ സഹനശക്തി
അതിരുകളില്ലാത്തതാണെന്ന് തോന്നുന്നു...
പക്ഷെ....
ഒരു നാള്‍ മാ: നിഷാദയുടെ സ്വരം ഒരുമിച്ചുയര്‍ന്ന്‍
അഷ്ടദിക്കുകളില്‍ മാറ്റൊലി കൊള്ളുകതന്നെ ചെയ്യും..
അതുവരേക്കും.... !!!!

നിന്റെ നഗരത്തില്‍ ഒരിക്കല്‍ വന്നിരുന്നു...
ഒരിക്കല്‍ മാത്രം..
വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്.. ഒരു അര്‍ദ്ധരാത്രിയില്‍...
ഞങ്ങള്‍ ഏഴുപേരുണ്ടായിരുന്നു...
റെയില്‍വേ സ്റ്റേഷനില്‍നിന്നും കോരിച്ചൊരിയുന്ന മഴയില്‍
സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡിലേക്കുള്ള ദൂരം മുഴുവന്‍ നടന്നതും
പിന്നീട് തിരിച്ചുനടന്നു ഏതോ സത്രച്ചുമരുകള്‍ക്കുള്ളില്‍
രാത്രിയെ തളച്ചിട്ടതും ഞാനോര്‍ക്കുന്നു...
ഒരു സ്വപ്നത്തിലെന്ന പോലെ....1 comment:

 1. Nice letter to the beloved
  giving her the insights on humanity and the idea of liberty.
  fine writing
  but fond makes it difficult to make up
  pls do try some other software
  regards
  sandhya

  ReplyDelete