Tuesday, May 26, 2009

ദില്ലി - ജനുവരി 1, 1991

സമയങ്ങളില്‍ അവള്‍ക്കെഴുതിയ നിരവധി കത്തുകളില്‍ ഒന്ന് ....

ഇന്ന് - ജനുവരി ഒന്ന് 1991
കാശ്മീര്‍ താഴ്വരകളിലെ മഞ്ഞുവീഴ്ചയും
ശീതമാപിനികളിലെ അവരോഹണവും...
പിന്നെ, കാറ്റില്‍ പറിഞ്ഞുപോയ
പഴയ വര്‍ഷത്തിന്റെ കലണ്ടറില്‍ പിടയുന്നു
നവംബറിന്റെയും ഡിസംബറിന്റെയും
ചോര പുരണ്ട കളങ്ങള്‍......
പുതുവര്‍ഷകലണ്ടറിന്റെ കള്ളികളില്‍
ഇനിയും കൊടുങ്കാറ്റ് കൂടുവെക്കാന്‍ തുടങ്ങുന്നതേയുള്ളൂ
വരാനിരിക്കുന്ന മരണമേളകളുടെ ഡ്രംബീറ്റ്‌
അകലെനിന്നും തിരിച്ചറിയുന്നില്ലേ....?

ഇന്നലെ ... ഡിസംബര്‍ 31
അന്ധകാരത്തിന്റെ നിശാശാലകളില്‍
വര്‍ഷാവസാനരാത്രി ലഹരിയില്‍ പതഞ്ഞുയര്‍ന്ന
സുവര്‍ണ്ണരസകോപ്പകളും
ശവച്ചെണ്ടകൊട്ടി ... നിഷാദരാഗനടനമാടി
'സാമന്ത ഫോക്സ് ' ഒരുക്കിയ മൃത്യുഞ്ജയഹോമത്തില്‍
വെന്തുമരിച്ച നഗരമനസാക്ഷിയും ......

തീര്‍ച്ചയായും നഷ്‌ടമായ വര്‍ഷത്തിന് ഒരു സിംബോളിക്‌ ആയ
യാത്രയയപ്പ് അല്ലേ.....?
നിന്റെ ആശംസകള്‍ കിട്ടിയിരുന്നു...
തിരിച്ച്, സമാധാനപൂര്‍ണ്ണമായ
ഒരുപാട് ദിനങ്ങള്‍ ഞാന്‍ ആശംസിക്കുന്നു....

.... ഒരു മൂന്നാംലോകമഹായുദ്ധത്തിന്റെ ഭീഷണി
ഡെമോക്ലീസിന്റെ വാളുപോലെ
ആകാശത്തില്‍ തൂങ്ങിക്കിടക്കുമ്പോള്‍
സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും
ആശംസകള്‍ക്ക് എന്തര്‍ത്ഥമാണ് ഉള്ളത് അല്ലേ.. ?

ഒരു ന്യൂക്ലിയര്‍ ഹോളോകോസ്റ്റിന്റെ ദുസ്വപ്നം
നമ്മുടെ രാത്രികളെ വേട്ടയാടുമ്പോള്‍ ...
ആകാശത്തിലേക്ക് പറത്തിവിട്ട വെണ്പ്രാവുകള്‍
ചിറകുകള്‍ കുഴഞ്ഞ് കരിഞ്ഞുവീഴുമ്പോള്‍ ...
നിസ്സഹായരാവുവാന്‍ ശപിക്കപെട്ടവരാണോ നമ്മള്‍ .....??

No comments:

Post a Comment