Thursday, May 28, 2009

നവംബര്‍ 18, 1990

ഇന്ന് - കാര്‍ത്തിക മാസം 26 - ഞായര്‍

ഒഴിവുദിനത്തിന്റെ ത്രില്ലിലായിരുന്നു ...

രാവിലെ ഞങ്ങള്‍ നാലുപേര്‍ .. ഇന്ത്യയുടെ വിവിധ ഭാഷകളില്‍നിന്നും സംസ്കാരങ്ങളില്‍നിന്നും
വന്നുചേര്‍ന്നവര്‍ ... ഒരു സുഹൃത്തിന്റെ ഓറഞ്ച് ഫാമിലേക്ക് തിരിച്ചു..
ഒരു പകല്‍... സ്വര്‍ണ്ണനാരകങ്ങളുടെ വിളഭൂമിയില്‍ ...
കാറ്റില്‍ കൊഴിയുന്ന ഓറഞ്ച് ഫലങ്ങളും
അകലെ.. തോട്ടത്തിലെ തണുത്ത ഇരുട്ടിനെ പകുത്തുകൊണ്ട്
നേരംതെറ്റി നീങ്ങുന്ന പാസഞ്ചര്‍ ട്രെയിനുകളുടെ 'കടകട' സംഗീതവും..
നാരക വേരുകളിലേക്ക് നീര്‍ച്ചാലുകളെ തെളിക്കുന്ന കര്‍ഷകക്കിടാങ്ങളുടെ
കണ്ണുകളില്‍ എന്തിനോവേണ്ടിയുള്ള തിളക്കം..
ഒരു ക്യാമ്പ്‌ഫയറും സംഘഗാനവും....
ഇത്രയൊക്കെയായപ്പോഴേക്കും പകല്‍ നഷ്ടപെട്ടു......
പടിഞ്ഞാറ്...
ശിശിരത്തില്‍ ഇലകള്‍ കൊഴിഞ്ഞ് മഞ്ഞപൂക്കള്‍ മാത്രമായി നില്ക്കുന്ന
വൃന്ദാരങ്ങളുടെ താഴ്വരയിലേക്ക് സൂര്യന്‍ ചിതറിവീണു ...
ഒരു തണുത്ത പകലിന്റെ മരണം..
ഒരു തണുത്ത രാത്രി ഇനിയും ബാക്കിയാണ്...

നിന്റെ എഴുത്ത് കിട്ടി... ഇന്നലെ..
നീ ചോദിച്ചില്ലേ... ഇന്നത്തെ അവസരവാദ രാഷ്ട്രീയത്തെകുറിച്ച്....
ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തോട് എനിക്കും പ്രതിപത്തിയില്ല ...
ഒരു മുതലാളിത്തജനാധിപത്യ വ്യവസ്ഥിതിയില്‍
ഇതില്‍ കൂടുതലൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നുമില്ല..
ഇടതുപക്ഷപ്രത്യയശാസ്ത്രത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷാത്കാരം മാത്രമേ
ഞാന്‍ തേടുന്നുള്ളൂ....
കേരളത്തിലെയോ ബംഗാളിലെയോ താല്‍ക്കാലികമായി കിട്ടുന്ന അധികാരത്തിന്റെ
അപ്പക്കഷണങ്ങളെയല്ല ഞാനുദ്ദേശിക്കുന്നതെന്ന് മനസ്സിലായിക്കാണുമല്ലോ...
സോഷ്യലിസ്റ്റ് വ്യവസ്ഥിതി പോലും നോക്കെത്താത്ത ദൂരത്താണ്..
അപ്പോള്‍ പിന്നെ കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി... തല്ക്കാലം സ്വപ്‌നങ്ങള്‍ മാത്രം..
നോക്കൂ ... എന്റെ രാഷ്ട്രീയ ചിന്താധാരകളുമായി ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയില്ലേ... ?
ഒരു ധാരണയിലെത്താനെങ്കിലും?
ഒരു വിശകലനത്തിനെങ്കിലും എനിക്കുവേണ്ടി തയ്യാറാവുക..
പക്ഷെ നിന്റെ രാഷ്ട്രീയ പാറപുസ്തകങ്ങളെ മാത്രം അടിസ്ഥാനമാക്കാതെ
വിവിധ തലങ്ങളിലുള്ളതും ആധികാരികത ഉറപ്പുള്ളതുമായ പുസ്തകങ്ങളെ
അടിസ്ഥാനമാക്കി താരതമ്യപഠനം നടത്തുക..
കാരണം നമ്മുടെ പാറപുസ്തകങ്ങളുടെ രാഷ്ട്രീയം ബൂര്‍ഷ്വാ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ളവ
മാത്രമാണ് ... ഉപരിവര്‍ഗ്ഗത്തിന് ഭൂരിപക്ഷത്തിന്റെ മേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കാനുള്ള ഒരുഉപാധിയായിട്ടാണ് ഇന്നത്തെ സിലബസ് രൂപപ്പെടുത്തിയിരിക്കുന്നത് .. ചൂഷണാധിഷ്ടിതമായസാമൂഹ്യവ്യവസ്ഥിതിയെ നിലനിര്‍ത്തുന്നതിനുള്ള ഒരു ഉദ്യോഗസ്ഥവൃന്ദത്തെ സൃഷ്ടിച്ചെടുക്കുകയാണ്
ബൂര്‍ഷ്വാ വിദ്യഭ്യാസത്തിന്റെ ലക്ഷ്യം ... പഴയ കൊളോണിയല്‍ വിദ്യഭ്യാസനയം തന്നെയാണ് നമ്മള്‍ഇന്നും പിന്തുടര്‍ന്ന് പോരുന്നത്..
ഭൂരിപക്ഷജനതയെ നിരക്ഷരരാക്കി മാറ്റിനിറുത്തേണ്ടത് മുതലാളിത്ത വ്യവസ്ഥിതിയുടെ നിലനില്‍പ്പിനുഅത്യന്താപേക്ഷിതമാണ്. വിദ്യഭ്യാസം ഉപരിവര്‍ഗ്ഗത്തിന്റെ പ്രത്യേകാവകാശമാക്കി മാറ്റുവാനുംവിദ്യഭ്യാസത്തിന്റെ വരേണ്യാടിസ്ഥാനം
ശക്തിപ്പെടുത്തുവാനും ഇന്ത്യന്‍ ഭരണകൂടം രണ്ടു മാര്‍ഗ്ഗങ്ങളാണ്അവലംബിച്ചിട്ടുള്ളത്. പ്രാഥമിക വിദ്യഭ്യാസത്തെ അവഗണിച്ച് തള്ളിക്കൊണ്ട് ഉന്നത വിദ്യഭ്യാസത്തിനുമാത്രം പ്രാധാന്യം നല്കുകയും സമ്പന്നരുടെ മക്കള്‍ക്ക്‌ വേണ്ടി മാത്രമായി പ്രത്യേകവിദ്യാലയങ്ങളാരംഭിക്കുകയുമാണ് ചെയ്യുന്നത്... ഇതുമൂലം വിദ്യാഭ്യാസരംഗത്തെ അസമത്വം വളരെഉയര്‍ന്നുപോയി... ഏതൊരു രാജ്യത്തിന്റെയും വിദ്യഭ്യാസത്തിന്റെ അടിത്തറയായി വര്‍ത്തിക്കേണ്ടത്പ്രാഥമിക വിദ്യാഭ്യാസമാണ്.. അതിന്റെ ശക്തമായ അസ്ഥിവാരത്തില്‍ വേണം ഉന്നതവിദ്യഭ്യാസത്തിന്റെ ചട്ടക്കൂടുകള്‍ പണിതുയര്‍ത്താന്‍... ഏറ്റവും കൂടുതലാളുകള്‍ക്ക് ലഭിക്കേണ്ടതുംപ്രാഥമിക വിദ്യാഭ്യാസമാണ്.. അക്കാര്യത്തില്‍ പക്ഷെ ഇന്ത്യയിലെ ഭരണാധികാരികള്‍ക്ക് താല്പര്യമില്ല .. തങ്ങള്‍ക്കാവശ്യമായ അഭ്യസ്തവിദ്യരെ സൃഷ്ടിച്ചെടുത്ത്‌ തങ്ങളുടെ സ്തുതിപാടകന്‍മാരായ ഒരുബ്യുറോക്രസി ഉണ്ടാക്കുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം ... അതുമൂലം ഇന്ത്യയിലെ ഭൂരിപക്ഷംവരുന്ന താഴേക്കിടയിലുള്ളവരുടെ കുട്ടികള്‍ അറിവിന്റെ ലോകത്തില്‍ പിച്ചവെക്കുന്നതിനു മുന്‍പേകൊഴിഞ്ഞുവീഴുന്നു...

നീ ചരിത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള വ്യക്തിയായതുകൊണ്ട് ചോദിച്ചോട്ടെ..
ചരിത്രത്തെക്കുറിച്ചുള്ള യുറോപ്യന്‍ കാഴ്ചപ്പാടല്ലേ ഇന്നും നമ്മുടെ സിലബസ്‌ നിര്‍മ്മാതാക്കളെയുംഭരണകൂടത്തെയും നയിക്കുന്നത്... ? ആഫ്രിക്ക ഇപ്പോഴും ഇരുണ്ട ഭൂഖണ്ടമാണെന്നാണ് നമ്മുടെചരിത്രവിദ്യാര്‍ഥികള്‍ പഠിച്ചുപോരുന്നത് .... ആഫ്രിക്ക ഇരുണ്ട ഭൂഖണ്ടമാണെന്നത് 'ഫാന്റം' കോമിക്കുകളിലൂടെ ഇന്നും പ്രചരിപ്പിക്കപ്പെടുന്ന പാശ്ചാത്യ ആശയമാണ് ... എന്നാല്‍ അതേ ആശയംസ്വതന്ത്ര ഇന്ത്യയിലെ കുട്ടികളുടെ തലയിലും അടിച്ചേല്‍പ്പിക്കണോ.. ? ഏഷ്യന്‍ - ആഫ്രിക്കന്‍സംസ്കാരങ്ങളെക്കുറിച്ചുള്ള പഠനങ്ങളെ ഇവര്‍ ബോധപൂര്‍വ്വം മറച്ചുവെക്കുന്നു.... സാമൂഹികപുരോഗതിയുടെ അടിസ്ഥാനത്തില്‍ നമ്മുടെ പഠനക്രമത്തെ പുനരാവിഷ്കരിക്കാറില്ല എന്നതാണ്സത്യം.. അതുകൊണ്ടുതന്നെ അശാസ്ത്രീയവും അപ്രസക്തങ്ങളുമായ പഠനവിഷയങ്ങളാണ് ഇവിടെനിലനില്ക്കുന്നത്. ചരിത്ര രചനാരീതിയിലും ചരിത്രപഠനങ്ങളിലും സിലബസ്‌ നിര്‍മ്മാണത്തിലും നാംഇപ്പോഴും കൊളോണിയല്‍ ചിന്താഗതികളെ പിന്തുടരുന്നു... ഇതെല്ലാം കാണിക്കുന്നത് വസ്തുനിഷ്ഠമായചരിത്രപഠനത്തെ നമ്മുടെ ഭരണാധികാരികള്‍ ഭയപ്പെടുന്നു എന്നതാണ്. ബ്രാഹ്മണമേധാവിത്വത്തിന്റെയും നാടുവാഴി യജമാനന്മാരുടെയും കൊള്ളരുതായ്മകളേയുംകൊളോണിയല്‍ ചൂഷണത്തെയും സാമ്രാജ്യത്വത്തിന്റെ വളര്‍ച്ചയേയും നമ്മുടെ ചരിത്രപഠനങ്ങള്‍മറച്ചുവെക്കുന്നു.. ഘടനയിലും സ്വഭാവത്തിലും ലക്ഷ്യബോധതിലും അടിസ്ഥാനപരമായി വ്യത്യസ്തതപുലര്‍ത്തുന്ന 'അമേരിക്കന്‍ വിപ്ലവം' 'ഫ്രഞ്ച് വിപ്ലവം' 'റഷ്യന്‍ വിപ്ലവം' 'ചൈനീസ് വിപ്ലവം' ഇവയെല്ലാം ഒരേ രീതിയിലാണ് പഠിപ്പിക്കുന്നത്‌ ... ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവങ്ങളും സോഷ്യലിസ്റ്റ്വിപ്ലവങ്ങളും തമ്മിലുള്ള മൗലിക വ്യത്യാസത്തെക്കുറിച്ച് നമ്മുടെ സിലബസുകള്‍ മൗനം പാലിക്കുന്നു..
ബൂര്‍ഷ്വാ വ്യവസ്ഥിതിയെ താങ്ങിനിറുത്തുന്ന മൂല്യബോധതെയാണ് ഇന്നത്തെ റിവിഷനിസ്റ്റ്സിലബസുകളിലൂടെ പുനരുദ്പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത് . ശാസ്ത്രയുഗത്തില്‍ ജീവിക്കുന്ന നമ്മുടെമൂല്യബോധത്തെയും ചിന്താശക്തിയെയും നിയന്ത്രിക്കേണ്ടത് ശാസ്ത്രബോധമായിരിക്കണം... പക്ഷെഎന്ത് ചെയ്യാം.. മദ്ധ്യകാലയുഗത്തിലെ പ്രാകൃത ആചാരങ്ങളും വിശ്വാസപ്രമാണങ്ങളുമാണ് ഇന്നുംനമ്മളില്‍ വേരുറപ്പിച്ചിരിക്കുന്നത്. കാലം കമ്പ്യൂട്ടര്‍ യുഗത്തിലേക്ക് പ്രവേശിക്കുമ്പോഴും നമ്മെനയിക്കുന്നത് മദ്ധ്യകാലയുഗത്തിന്റെ ചിന്താധാരകളാണ് .. തന്മൂലം നമ്മുടെ സിലബസുകള്‍ക്ക്വര്‍ത്തമാനകാലബോധത്തോടുപോലും നീതി പുലര്‍ത്താന്‍ കഴിയുന്നില്ല...

അമ്മ പറയാറുള്ളത് ശരിയാണ് ... ഒരു കത്തിന്റെ സ്വഭാവമല്ല എന്റെ എഴുത്തുകള്‍ക്ക്...

ഇപ്പോള്‍ ഞാന്‍ രാജസ്ഥാന്റെയും മധ്യപ്രദേശിന്റെയും അതിര്‍ത്തിയിലുള്ള ഒരു കൊച്ചു നഗരത്തിലാണ്
കോണ്‍ക്രീറ്റ് വനങ്ങളുടെ കാപട്യമില്ലാത്ത നഗരം...
ഇവിടെ അന്ധമായി അലച്ചോഴുകുന്ന ജീവിതം....
വൈവിധ്യങ്ങളുടെ താളക്രമങ്ങളില്ലാത്ത സായാഹ്നങ്ങള്‍ ..
താമസിക്കുന്ന ഗസ്റ്റ്ഹൗസിന്റെ മുന്നില്‍ സന്ധ്യയുടെ ചുവപ്പുമുഴുവന്‍ ചാലിച്ചെടുത്ത്‌
ചുവന്ന പൂക്കളുടെ പരവതാനിയില്‍ ഗുല്‍മോഹര്‍ രക്തവര്‍ണ്ണപൂവുകള്‍ ചൂടിനില്ക്കുന്നു..
പൂക്കളുടെ ഇടയിലുടെ തെളിയുന്ന ആകാശത്തിലും ചുവപ്പിന്റെ വര്‍ണ്ണക്കൂട്ടുകള്‍...
ചേക്കേറാന്‍ എത്തുന്ന രാക്കിളികളുടെ സംഗീതോത്സവങ്ങള്‍...
ഒടുവില്‍ രാത്രിയുടെ നിശ്ശബ്ദതയിലുയരുന്ന ഒറ്റപ്പെട്ട ആലാപനങ്ങള്‍...

രാത്രികള്‍... ഉറക്കം പതിവുപോലെ മദ്ധ്യയാമങ്ങള്‍ക്ക് ശേഷമാണ് ...
അതുവരെയും...
ദൂരെ .. കടുകുപാടങ്ങളില്‍ പൂത്തുനില്‍ക്കുന്ന നിലാവും
അതിനുമപ്പുറം.. അകലെ...
ചമ്പലിന്റെ താഴ്വരകള്‍...
ചമ്പല്‍ നദിയുടെ താളം നഷ്ടപെട്ട വിലാപം...
ഗതകാല സ്മൃതികളുടെ വേലിയേറ്റത്തില്‍
ചമ്പലിന്റെ പഴയ പ്രതാപകാലനിമിഷങ്ങളും മുഴങ്ങുന്ന രണഭേരികളും..
ഇപ്പോള്‍ സമയം രാത്രിയുടെ അന്ത്യയാമങ്ങളിലാണ്...
പകല്‍ മുഴുവന്‍ മഞ്ഞുകാറ്റേറ്റതുകൊണ്ടായിരിക്കും
ഇപ്പോള്‍ കുറച്ച് പനിക്കുന്നുണ്ട് ...
പക്ഷെ മനസ്സില്‍ ഇപ്പോഴും പൂജ്യം ഡിഗ്രിയാണ് ...

No comments:

Post a Comment