Tuesday, May 26, 2009

18 ഫെബ്രുവരി 1991, ഭവാനിമണ്ടി

ഹരിയാനയും രാജസ്ഥാനും പിന്നിട്ടു തീര്‍ന്നപ്പോള്‍
നേരമൊത്തിരി വൈകിപ്പോയി .... യാത്രകളായിരുന്നു...
ജനുവരി ഒന്നിന് എഴുതിയ കത്ത്
പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല...... ക്ഷമിക്കുക..
ഇനിയും വൈകുന്നതിനു മുന്‍പ് ഇത്രയും...

ഇവിടെ എല്ലാം പതിവുപോലെ...
മെസ്സിലെ ഭക്ഷണവും
രാവിലെ വൈകിയുണരലും
ചുമരില്‍ തൂങ്ങുന്ന പെയ്ന്റിങ്ങിലെ പുഞ്ചിരിയും....
എല്ലാം..

വൈകുന്നേരങ്ങള്‍ ഫുട്ബോളും ടേബിള്‍ ടെന്നിസുമായിനീങ്ങുന്നു...
നിന്റെ വിശേഷങ്ങള്‍ എന്തെല്ലാമാണ്...?
ലൈബ്രറിയില്‍ പോകാറില്ലേ...?
പൂക്കളും സംഗീതവും... ?
ചേച്ചിമാരുടെ വീടുകളിലേക്കുള്ള വിരുന്നുകള്‍... ?

ഇവിടെ എന്റെ ശിശിരകാലം നീലച്ചിറകുകളൊതുക്കി
കൂട്ടിലേക്ക് മടങ്ങുകയാണ് ...
ചുറ്റുമുള്ള ഗ്രാമങ്ങളിലെ വിളവെടുപ്പ്‌ കഴിഞ്ഞു
കര്‍ഷകരുടെ ഹാര്‍വെസ്റ്റ് ഫെസ്റിവല്‍നടന്നുകൊണ്ടിരിക്കയാണ് ..
പാതയോരങ്ങളില്‍ ഓറഞ്ച് കൂമ്പാരങ്ങളും
കവിളുകളില്‍ കൊയ്ത്തുകാല ഉത്സവത്തിന്റെ
അരുണിമയുമായി കര്‍ഷകക്കിടാങ്ങളും ...

അമ്മയുടെ എഴുത്തുകള്‍ മാത്രം
മുടങ്ങാതെ വരാറുണ്ട്‌ ..
നീ ചോദിച്ചില്ലേ ... ചുവപ്പിനോടുള്ള
എന്റെ അഭിനിവേശത്തെക്കുറിച്ച്.....
ഇനിയുമൊടുങ്ങാത്ത പ്രതീക്ഷയുടെയും
ഹൃദയത്തിലലിഞ്ഞ വര്‍ഗ്ഗബോധത്തിന്റെയും നിറംചുവപ്പാണ് ...
ഒരുപക്ഷെ അമ്മയുടെ മുലപ്പാലിനോടൊപ്പം
പകര്‍ന്നുകിട്ടിയ നീതിസാരങ്ങളില്‍ നിഴലിച്ചത്
മാര്‍ക്സിയന്‍ ജീവിതവീക്ഷണമായിരിക്കണം......

പിന്നെ...
പ്രതീക്ഷിച്ചപോലെ അങ്ങുദൂരെ
അറേബ്യന്‍രാവുകള്‍ മരണോന്മുഖമാകുവാനും
മണല്‍ക്കാടുകളില്‍ തീക്കാറ്റൂതുവാനും തുടങ്ങി...
വാക്കുകള്‍ അപ്രസക്തമാണെന്നതുകൊണ്ട്
കൂടുതലെഴുതുന്നില്ല ...

നന്ദി....
ജില്ലാ കൗണ്‍സില്‍ ഇലക്ഷനില്‍ എങ്കിലും
തിരിച്ചറിവിന്റെ കുറച്ചു വെളിച്ചമെങ്കിലും
അണയാതെ സൂക്ഷിച്ചതിന് ...

No comments:

Post a Comment