Wednesday, May 27, 2009

മെയ്‌ 17, 1991 - ഒരു വേനല്‍കുറിപ്പ്

ക്ഷമിക്കുക ... എഴുതാന്‍ വൈകിയതിന് ..
പതിവുപോലെ കുറെ യാത്രകളായിരുന്നു ..

പിന്നെ.. ആശംസകള്‍..
മഴവില്ലിന്റെ നിറപ്പകിട്ടുള്ള ഒരു ജോലി കിട്ടിയതിനു....
നിന്റെ ജോലിയെക്കുറിച്ചും സഹപ്രവര്‍ത്തകരെപ്പറ്റിയും
വര്‍ക്ക്‌ എന്‍വൈറണ്‍മെന്റിനെ കുറിച്ചും എനിക്കെഴുതുക ..

എന്റെ ജേര്‍ണലിസം എക്സാം ജൂലൈയില്‍ ഉണ്ടാകും

ഇന്ത്യന്‍ സിനിമയ്ക്ക്‌ ഇടനെഞ്ചില്‍
ഒരു മുറിവുകൂടി വീണു ...
പത്മരാജന് പുറകെ അരവിന്ദനും ...
സന്ധ്യാമേഘങ്ങള്‍ എന്നേക്കുമായി
ഉപേക്ഷിച്ചു പോയ ആകാശതീരം പോലെ...
വെളുത്ത തിരശ്തീലയും ചലനശേഷി നഷ്ടപ്പെട്ട
നിഴലുകളും അനാഥമാക്കികൊണ്ട് .....
എവിടെയൊക്കെയോ നക്ഷത്രക്കണക്കുകള്‍
പിന്നെയും പിഴക്കുന്നു പെണ്‍കുട്ടീ..
വിളക്കുകള്‍ ഒന്നൊന്നായി അണയുകയാണ് ....

അരവിന്ദന്റെ 'ഉണ്ണി' കണ്ടു ...
ഒരു ഋതുഭേദത്തില്‍ ദേശാടനപക്ഷികളെപ്പോലെ
ഇന്ത്യയിലേക്ക്‌ പറന്നെത്തിയ
അമേരിക്കന്‍ ടൂറിസ്റ്റുകള്‍ ...

കേരളത്തിലെ
കലാ-സാംസ്‌കാരിക പാരമ്പര്യങ്ങളിലേക്ക്
ഒരന്വേഷണം

കുറഞ്ഞ സീക്വന്‍സുകളിലൂടെ
മഹത്തായ ഒരു പ്രണയത്തിന്റെ
ശക്തമായ ആവിഷ്കരണം...

മണല്‍ത്തിട്ടയില്‍ കാണാത്ത നക്ഷത്രങ്ങളെണ്ണിക്കിടക്കുന്ന
താരയും ഉണ്ണിയും ...
സമന്വയിക്കപ്പെടാനകാത്ത വൈരുദ്ധ്യങ്ങളില്ലെന്നു
അരവിന്ദന്‍ സ്ഥാപിക്കുന്നു ...
ഓരോ ഫ്രെയിമിലും
ശക്തനായ ഒരു സംവിധായകന്റെ
അദൃശ്യസാന്നിദ്ധ്യം നിറഞ്ഞു നിന്നിരുന്നു.....

... പിന്നെ... പൊറുക്കുക..
രാഷ്ട്രീയത്തോടുള്ള നിന്റെ അഭിപ്രായത്തോട്
ഞാന്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നു...
നിന്റെ ന്യായീകരണങ്ങളെ ഞാന്‍ കാണാതിരിക്കുന്നില്ല ..
പക്ഷെ.. അന്തിമമായി ...
രാഷ്ട്രത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി
പ്രതിജ്ഞാബദ്ധരാവുക - എന്നത്
അധിക്ഷേപിക്കപ്പെടുവാന്‍ മാത്രം വലിയ തെറ്റാണോ... ?
പിന്നെ 'കറപ്ക്ഷന്‍' ...
കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്
കേരള രാഷ്ട്രീയരംഗം വളരെയധികം ഭേദമാണ്..
അഴിമതിയുടെ കാര്യത്തില്‍ സത്യത്തില്‍ വിചാരണ ചെയ്യേണ്ടത്
നിലവിലുള്ള ബ്യുറോക്രസിയെയാണ് ...
- അല്ലെന്നു തോന്നുന്നുണ്ടോ...? -

ഞാന്‍ വിശദീകരിക്കേണ്ടതില്ലല്ലോ... ?
പിന്നെ ഞാന്‍ നേരത്തെ എഴുതിയിട്ടുള്ളതുപോലെ
ഒരു ബൂര്‍ഷ്വാ ജനാധിപത്യ വ്യവസ്ഥിതിയില്‍
എഴുതിവെച്ചിട്ടുള്ളത് ഇത്തരത്തിലൊക്കെയാണ് ..

വ്യക്തമായ ലക്ഷ്യബോധമില്ലാത്ത ആസൂത്രണത്തിന്റെയും
താളം പിഴച്ച ഒരു സമ്പദ്ഘടനയുടെയും ബലിയാടുകളാവാന്‍
നമ്മുടെ ശിരസ്സില്‍ ആരോ തുരുമ്പിച്ച പേന കൊണ്ടെഴുതിരിക്കുന്നു ..

പിന്നെ നമുക്ക് ചെയ്യാന്‍ കഴിയുന്നത്‌ ....
മനസ്സ് വന്ധീകരിക്കപെടുംമുന്‍പ്
ചെറുത്തുനില്‍പ്പിന്റെ ഒരു പിടച്ചിലെങ്കിലും കാഴ്ച വെക്കുവാന്‍
സംഘടനാ പ്രവര്‍ത്തനത്തിലൂടെ മാത്രമേ
നമുക്ക് സാധ്യമാകൂ ...
സംഘടിക്കുന്നതിലൂടെ മാത്രമെ
നമ്മുടെ വാക്കുകള്‍ക്ക് ശബ്ദവും ശക്തിയുമുണ്ടാകൂ ...
നമുക്ക് പ്രതികരിക്കാന്‍ ഒരു വേദിയാണ്
സംഘടനയിലൂടെ ലഭിക്കുന്നത്‌ ...
നിഷ്ക്രിയത്വം ഒരു തരത്തിലുള്ള ഒളിച്ചോട്ടമാണ്..
അത് സൃഷ്ടിക്കുന്നത്‌ പ്രതികരണശേഷി നഷ്ടപ്പെട്ട
ഭീരുക്കളെയും പെസിമിസ്റ്റുകളേയുമാണ്‌ ...
ചോദ്യം ചെയ്യുവാനും ചോദ്യം ചെയ്യപ്പെടുവാനുമുള്ള
ആത്മധൈര്യമാണ് നമ്മള്‍ ആര്‍ജ്ജിക്കേണ്ടത്...

എന്റെ രാഷ്ട്രീയപാത പിന്തുടരണമെന്നോ
എന്റെ കാഴ്ചപ്പാടുകളെ ഉള്‍ക്കൊള്ളണമെന്നോ
ഞാനൊരിക്കലും പറയില്ല ...
(ഒരു രാഷ്ട്രീയ വിദ്യാര്‍ഥിനിയോടു എനിക്കെങ്ങിനെയാണ്‌ പറയാന്‍ കഴിയുക..!)
അതുകൊണ്ട് സ്വയം തീരുമാനിക്കുക..

'വാനിഷിംഗ് ജിപ്സിക്യാമ്പ്‌ '
ഉഷ്നകാലത്തിനു മുന്‍പേ
പ്രിയസുഹൃത്തുക്കള്‍ പലരും
യാത്ര പറഞ്ഞകന്നു പോയി ...
വീണ്ടുമൊരിക്കല്‍ കാണുമെന്ന പ്രതീക്ഷയില്ലാതെ...
ഓരോ ബന്ധങ്ങളും സൗഹൃദങ്ങളും
ഇത്രയും ക്ഷണികമാണോ.......!
ഈറനണിഞ്ഞ ആകാശവും പൂത്തുവിരിഞ്ഞ മാരിവില്ലും പോലെ...
എല്ലാം താല്‍ക്കാലികമായ ഇല്ല്യുഷന്‍സ്‌ മാത്രം..

ഇന്നലെ രാത്രിമുഴുവന്‍ മഴപെയ്തിരുന്നു...
എരിയുന്ന വേനലില്‍ ഒരു സ്നേഹസങ്കീര്‍ത്തനമായി....
നിന്റെ പ്രിയപ്പെട്ട മഴക്കാലം ഞാനോര്‍ത്തു..
എന്നിട്ടും ഇന്നു പകലിന്റെ സൂര്യന്‍ തീഷ്ണമാണ്‌

നിറുത്തുന്നു...

സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അകലമെത്രയാണ്... ?

No comments:

Post a Comment