Tuesday, May 26, 2009

മാര്‍ച്ച്‌ 14, 1991 - ഇന്‍ഡോര്‍

എഴുത്ത്‌ കിട്ടി

യാത്ര കഴിഞ്ഞു തിരിച്ചെത്തിയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു ..
ഒരു യാത്രാവിവരണം പ്രതീക്ഷിക്കാമോ... ?

ഇന്നലെ എന്റെ ജന്മദിനമായിരുന്നു.....
ഹൃദയത്തില്‍ ഒരു വേര്‍പാടിന്റെ സ്മരണാഞ്ജലിയും.......
രണ്ടും അമ്മ നേരത്തേ ഓര്‍മ്മപെടുത്തിയിരുന്നു ..
അമ്മയുടെ പ്രാര്‍ത്ഥനകള്‍ ...
ജാതകത്തിന്റെ ചിലന്തിവലക്കണ്ണികളില്‍
ദീര്‍ഘായുസ്സ് വിധിച്ചിട്ടില്ലാത്ത മകനുവേണ്ടി നേരുന്ന
രക്തപുഷ്പാഞ്ജലികള്‍ക്കും മൃത്യുഞ്ജയ പൂജകള്‍ക്കും
എന്തെങ്കിലും അര്‍ത്ഥമുണ്ടോ... എന്നെനിക്കറിയില്ല
ഞാന്‍ യുക്തിചിന്തകളുടെയും അമ്മ ഈശ്വരവിശ്വാസത്തിന്റെയും
വിപരീത ധ്രുവങ്ങളിലായത് എങ്ങിനെയാണ്‌... ?

'വാസ്തുഹാര' സിനിമ കണ്ടിരുന്നോ? ഞാന്‍ കണ്ടിട്ടില്ല ..
പത്രങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യുന്നതുകൊണ്ട് ചോദിച്ചതാണ്..

പത്മരാജന്‍ യാത്രയായി ......
കാത്തിരിക്കുന്ന ഏതോ നക്ഷത്രകണ്ണുകളുടെ അപാരതയിലേക്ക്..
ജനുവരി 23ന്‌
പക്ഷെ അറിഞ്ഞത് ഇന്ന്... ഫിലിം ഫെയറിലൂടെ ...
... കാല്‍പ്പനികതയുടെ മായാപടം വലിച്ചുകീറിയതെന്തിനു നീ ...
മരണമേ... മനോഹര്‍ീ..

നീ ചോദിച്ചില്ലേ.. കവിത..
എഴുതുവാനുള്ള മനസികാവസ്ഥയെല്ലാം എന്നോ നഷ്ടമായി ..
താവളങ്ങളില്‍ നിന്നും താവളങ്ങളിലേക്കുള്ള കൂട്ടം തെറ്റിയുള്ള
മേയലിനിടയില്‍ നഷ്ടമായവ ഏറെയാണ്‌ ..
പിന്നിട്ട ഇടത്താവളങ്ങളെല്ലാം തിരിച്ചു നടക്കാനാവാത്ത ദൂരെയാണ് ..
ആയിരം സൗഹൃദങ്ങളെ ദുസ്വപ്നങ്ങള്‍ക്ക് കാണിക്ക വെച്ച് എനിക്ക്
മച്ചകങ്ങളില്‍ നിന്നും മച്ചകങ്ങളിലേക്ക് യാത്രയവേണ്ടി വരുമോ..?

ഇവിടെ മീനമാസത്തിലെ സൂര്യനും മുന്‍പേ
ആകാശം ചുവന്നു പൂത്തു തുടങ്ങി ...
ഏപ്രില്‍ .. മെയ്‌ .. വരാനിരിക്കുന്ന വേനലിന്റെ നൈറ്റ്‌മെയര്‍സ് ...

1 comment:

  1. നീ ചോദിച്ചില്ലേ.. കവിത..
    എഴുതുവാനുള്ള മനസികാവസ്ഥയെല്ലാം എന്നോ നഷ്ടമായി ..
    താവളങ്ങളില്‍ നിന്നും താവളങ്ങളിലേക്കുള്ള കൂട്ടം തെറ്റിയുള്ള
    -------------------------------------------
    നീ‍ ചോദിച്ച കവിതകള്‍ മനസ്സില്‍ വിങ്ങി
    നഷ്ടമായ മനസ്സും,ചിന്തകളും,സ്വപ്നങ്ങളായി,
    കൂട്ടം തെറ്റിയ ഓടിമറഞ്ഞ താവളങ്ങള്‍....

    എന്നിരുന്നാലും ,നല്ല കവിത

    ReplyDelete